മാതൃകയാക്കാം ഇവളെ…..സ്വകാര്യ ബസില്‍ തളര്‍ന്നുവീണ സ്ത്രീക്ക് രക്ഷകയായി ഗില്‍ഡ

gildaതൃശ്ശൂര്‍: വഴിയരികില്‍ അവശനായി കിടക്കുന്നതും ഒരപകടത്തില്‍ പെട്ട് ചോരവാര്‍ന്ന് കിടക്കുന്നതും കണ്ടിട്ടും കാണാതെ പേകുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് മാതൃകയാക്കാം ഈ കോളേജ് വിദ്യാര്‍ഥിനിയെ. താന്‍ യാത്ര ചെയ്യുന്ന ബസില്‍ പെട്ടെന്ന് തളര്‍ന്ന് വീണ സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള്‍ സധൈര്യം മുന്നോട്ട് വന്ന് ബസ് നിര്‍ത്തിച്ച് ആ സ്ത്രീയെ ആശുപത്രിയിലാക്കി വേണ്ട ചികില്‍സകള്‍ ലഭ്യമാക്കി അവരുടെ ജീവന്‍ രക്ഷിക്കുയായിരുന്നു ഈ പെണ്‍കുട്ടി. തൃശ്ശൂര്‍ പഴുവില്‍ കിഴുപ്പിള്ളിക്കര സ്വദേശിനിയും തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഡിഗ്രി വിദ്യാര്‍ഥിനിയുമായ ഗില്‍ഡ ആണ് ഒരു ജീവന് വേണ്ടി സര്‍വ്വതും മറന്ന് സധൈര്യം ഇറങ്ങിത്തിരിച്ചത്.

സ്വകാര്യ ബസില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ട യാത്രക്കാരിയോട് ബസ് ജീവനക്കാര്‍ പറഞ്ഞത് കുറച്ച് സമയം സീറ്റില്‍ കിടന്നാല്‍ മാറികോളും എന്നായിരുന്നു. ഇതേ സമയം ഈ ബസില്‍ യാത്രചെയ്യുകയായിരുന്ന ഗില്‍ഡ ഇതുകണ്ട് പ്രശ്‌നം ഉണ്ടാക്കുകയും ജീവനക്കാരോട് ആവശ്യപ്പെട്ട് ബസ് നിര്‍ത്തിച്ച് യാത്രികയെ തനിയെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ആയിരുന്നു. ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം പറഞ്ഞത് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു എന്നാണ്. മിനിറ്റുകള്‍ കൂടി വൈകിയിരുന്നെങ്കില്‍ ജീവന്‍ നില നിര്‍ത്താന്‍ ആകുമായിരുന്നില്ല എന്നുമായിരുന്നു. ഇവിടെയാണ് ഗില്‍ഡ എന്ന കര്‍മ്മധീരയായ വിദ്യാര്‍ത്ഥിനിയുടെ അവസോരിചിതമായ ഇടപെടലിന്റെ വലിപ്പം ശ്രദ്ദേയമാകുന്നത്.

പതിവു പോലെ ഗില്‍ഡ കോളേജില്‍ നിന്നും വീട്ടിലേക്ക് പോകാന്‍ ബസ് കയറിയതായിരുന്നു. തൃശ്ശൂരില്‍ നിന്നും തൃപ്രയാറിലേക്ക് പോവുകയായയിരുന്ന സ്വകാര്യ ബസില്‍ ഗില്‍ഡ പടിഞ്ഞാറേ കോട്ടയില്‍ നിന്നുമായിരുന്നു കയറിയത്. ഗില്‍ഡ കയറിയപ്പോള്‍ തന്നെ ഒരു സ്ത്രീ ബോധമില്ലാതെ സീറ്റില്‍ കിടക്കുന്നതാണ് കണ്ടത്. ബസ് ജീവനക്കാരോട് വിവരം അന്വേഷിച്ചപ്പോള്‍ സുഖമില്ലാതെ കുഴഞ്ഞ് വീണതാണെന്നും കുറച്ച് സമയം കിടന്നാല്‍ മാറിക്കോളുമെന്നായിരുന്നു പറഞ്ഞത്. നിറയെ യാത്രക്കാരുള്ള ആ ബസില്‍ ഒരാള്‍ പോലും ആ സാധു സ്ത്രീയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗില്‍ഡ സധൈര്യം മറ്റൊന്നും ആലോചിക്കാതെ ബസ് നിര്‍ത്തിച്ച് ആ സ്ത്രീയേയും താങ്ങിപ്പിടിച്ച് ഇറങ്ങി ഒരു ഓട്ടോയില്‍ തനിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

ഒരു പാട് യാത്രികരുണ്ടായിരുന്ന ഒരു ബസില്‍ ഒരാള്‍ പോലും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ആ അഞ്ജാതയായ സ്ത്രീയ്ക്ക് വേണ്ടി ഈ പെണ്‍കുട്ടി ഒരു നിമിഷം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലായിരുന്നു എങ്കില്‍ പൊലിയുന്നത് ഒരു ജീവനായിരുന്നു. അതേ സമയം ഒരു വലിയ മഹത്തായ കാര്യം ചെയ്തിട്ടും ആരുടെയും അഭിനന്ദനത്തിനു പോലും കാത്ത് നില്‍ക്കാതെ  തിരിച്ച് വീടിലേക്കും മടങ്ങി ആ മിടുക്കി. രോഗബാധിതയായ സ്ത്രീയും അവരുടെ ബന്ധുക്കളും പറഞ്ഞറിയിച്ച് ഇപ്പോള്‍  സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ഈ സഹയാത്രികയുടെ ജീവന്‍ നിലനിര്‍ത്തിയ കര്‍മ്മധീരയായ വിദ്യാര്‍ത്ഥിനിയെ.

തൃശ്ശൂര്‍ ജില്ലയിലെ ചെന്ത്രാപ്പിന്നിയ്ക്കടുത്ത് പഴുവില്‍ കിഴുപ്പിള്ളിക്കര പട്ടത്ത് വീട്ടില്‍ പ്രേമന്റെ മകളാണ് ഗില്‍ഡ എന്ന മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഈ ധൈര്യശാലിയായ മിടുക്കിക്കുട്ടി.  തൃശൂര്‍കേരള വര്‍മ്മ കോളേജിലെ ഡിഗ്രി ഒന്നാം വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥിനിയാണ് ഗില്‍ഡ.

തൃശൂര്‍ കല്ലൂര്‍ സ്വദേശിനി റോസ്‌ലിന്‍ എന്ന സ്ത്രീയായിരുന്നു ബസില്‍ തളര്‍ന്നു വീണത്. നേരത്തെ രണ്ടു മക്കളും മരിച്ചുപോയിരുന്ന റോസ്‌ലിന്‍ ജീവന്‍ ടിവിയിലെ പികെ ആന്റണിയുടെ ഒളരിയിലെ വസതിയില്‍ വീട്ടുജോലി ചെയ്താണ് ജീവിയ്ക്കുന്നത്. സംഭവദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസ്‌ലിന്‍.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം