മരണത്തേയും ജനനത്തേയും ഒപ്പം കവറടക്കുമ്പോള്‍…

subhashsubhash മരണത്തേയും ജനനത്തേയും
ഒപ്പം കവറടക്കുമ്പോള്‍…

സുഭാഷ് ചന്ദ്രന്‍

മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു കൈവന്ന ആദ്യത്തെ പുരസ്‌കാരം അതിന്റെ എഴുത്തുകാരനല്ല, ആ പുസ്തകത്തിന്റെ പുറംചട്ട രൂപകല്പന ചെയ്ത സൈനുല്‍ ആബിദിനാണ് ലഭിച്ചത്. ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി സ്മാരക സമ്മാനമായിരുന്നു അത്. നാലുവര്‍ഷം മുമ്പ്, സവിശേഷമായ ‘ഇരട്ടക്കവറു’മായി പുറത്തിറങ്ങിയ നോവലിന്റെ ആദ്യപതിപ്പ് കണ്ടവരെല്ലാം അതിന്റെ കവര്‍ ഡിസൈനര്‍ ആരെന്നറിയാന്‍ ആദ്യപേജുകള്‍ മറിച്ച് ഉദ്വേഗത്തോടെ പേരുതപ്പുന്ന ദൃശ്യം ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. വിടര്‍ത്തിവച്ച പെണ്‍തുടകളുടെ ക്ലോസ്- അപ് ആയിരുന്നു അതിന്റെ കവര്‍. ഉപസ്ഥത്തിലെ ദീര്‍ഘവൃത്താകൃതിയിലുള്ള തുറപ്പിലൂടെ രോമം നിറഞ്ഞ ഒരു ശിശുവിന്റെ ശിരസ്സു പുറത്തേക്കു കാണാം. അതെ, ഒരു പ്രസവാരംഭം. എന്നാല്‍ ഒന്നാം കവര്‍ തുറക്കുമ്പോള്‍ ഉള്ളില്‍ മറ്റൊരു കട്ടിക്കടലാസില്‍ മറ്റൊരു ദൃശ്യം വായനക്കാരെ സ്തബ്ധനാക്കുന്നു. നേരത്തേ ചോരക്കുഞ്ഞിന്റെ ശിരസ്സാണെന്ന് നമ്മള്‍ ധരിച്ചത് വാസ്തവത്തില്‍ മരിച്ചുകിടക്കുന്ന ഒരു മധ്യവയസ്‌കന്റെ കഷണ്ടി കയറിത്തുടങ്ങുന്ന മൂര്‍ധാവാണ്! ഒന്നാം കവറിലെ വട്ടത്തില്‍ വെട്ടിയ ഭാഗത്തിലൂടെ നോക്കുന്ന കാണിയെ കബളിപ്പിക്കുന്ന ഒരുഗ്രന്‍ വിഷ്വല്‍ മാജിക്! subhash2
‘പൂര്‍ണവളര്‍ച്ചയെത്തുംമുമ്പ് മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യന്‍’ എന്ന വാചകത്തോടെ ആരംഭിക്കുന്ന ഒരു നോവലിന് ജനിമൃതികളുടെ ശ്‌ളേഷദൃശ്യത്താല്‍ കവചമണിയിക്കാന്‍ മറ്റേതൊരു കലാകാരന് കഴിയും? എന്നാല്‍ അസാധാരണമാം വിധം കലാസുഭഗമായ ആ പുറംചട്ടയെ പ്രശംസിക്കാന്‍ ആദ്യമൊന്നും ആരും മുന്നോട്ടുവന്നില്ല എന്നതാണ് സത്യം. ( അത് വാസ്തവത്തില്‍ നോവലിന് കവര്‍ ചെയ്ത കലാകാരന് മാത്രമല്ല, അതെഴുതിയ എഴുത്തുകാരനും ബാധകമായിരുന്നു. അച്ചടിക്കപ്പടുംമുമ്പ് കൃതി അശ്ലീലമാണെന്ന് പറഞ്ഞ് വനിതാകമ്മീഷന്റെ വക്കീല്‍നോട്ടീസ് കിട്ടിയ മലയാളത്തിലെ ഏകകൃതിയായിരിക്കും മനുഷ്യന് ഒരു ആമുഖം)

, ‘അശ്ലീല’മായ അത്തരമൊരു പുറംചട്ട മാറ്റാതെ താന്‍ അത് വീട്ടില്‍ കൊണ്ടുപോകില്ല എന്നുവരെ ഒരു സഹപ്രവര്‍ത്തകന്‍ അക്കാലത്ത് എന്നോടു പറഞ്ഞുത് ഞാന്‍ ഓര്‍ക്കുന്നു. സൗദി അറേബ്യ പോലുള്ള യാഥാസ്ഥിതികരാജ്യങ്ങളിലെ മലയാളികള്‍ തങ്ങളുടെ നിസ്സഹായാവസ്ഥ ഫോണിലൂടെ അറിയിച്ചു: ”താങ്കളുടെ പുസ്തകം കണ്ടാല്‍ ഒരു പ്രസവവിജ്ഞാനീയമാണെന്നേ ഭാഷയറിയാത്തവര്‍ക്കു തോന്നൂ. അത്തരം പുറംചട്ടകളില്‍ കരിപുരട്ടി മറച്ചേ ഈ രാജ്യം സ്വീകരിക്കൂ. അല്ലെങ്കില്‍ അതിന്റെ ഒന്നാംചട്ട തഞ്ചത്തില്‍ കീറിക്കളയണം!’
അങ്ങനെ പിറവിച്ചിത്രം കരിപുരട്ടിയോ വലിച്ചുകീറിയോ ഒഴിവാക്കി ഉള്ളിലെ മരണത്തിന്റെ കവറുമാത്രമായാണ് അതിന്റെ ആദ്യപതിപ്പ് പലരിലും എത്തിച്ചേര്‍ന്നത്. അക്കാര്യം പറഞ്ഞപ്പോള്‍ സൈനുല്‍ ആബിദ് – അപാരമായ അവന്റെ ക്രിയേറ്റിവിറ്റി ഓര്‍ത്ത് ഞാന്‍ സൈനുലാബീദായ തമ്പിരാനേ എന്നു നീട്ടിവിളിക്കാറുള്ള പ്രിയ സുഹൃത്ത്- അവന്റെ മനോഹരമായ ചിരിയോടെ ഈയൊരു വാക്കുമാത്രം എന്നോടു പറഞ്ഞു:’ പാവങ്ങള്‍!’
എന്നാല്‍ പിറവിയ്ക്കുള്ളില്‍ അവന്‍ ഒളിപ്പിച്ചുവച്ച രണ്ടാം കവറിനും അതിന്റേതു മാത്രമായ ഗാംഭീര്യമുണ്ടായിരുന്നു. വെളുത്ത തുണിവിരിപ്പില്‍ വെള്ളപുതച്ച് ശിരസ്സുമാത്രം പുറത്തുകാട്ടിക്കിടക്കുന്ന ഒരു മൃതദേഹത്തിന്റെ തലഭാഗത്ത് ക്യാമറ നിലംപറ്റിച്ചുവച്ചെടുത്ത ഒരു ദൃശ്യമായിരുന്നു അത്. ആ മൃതദേഹമായി പോസുചെയ്തയാള്‍, അകാലത്തില്‍ കഷണ്ടിയുടെ ആക്രമണം നേരിടാന്‍ തുടങ്ങിയിരുന്ന ഒരു യുവാവ്, പിന്നീടൊരിക്കല്‍ എന്നെ ഫോണില്‍വിളിച്ചു പരിചയപ്പെട്ടു: ‘സുഭാഷേട്ടന്റെ നോവലിന്റെ പുറംചട്ടയില്‍ കിടക്കുന്ന ശവം ഞാനാണ്!’, അയാള്‍ ഫോണിലൂടെ നിസ്സംഗനായി പറഞ്ഞു: ”വീക്കിലിയില്‍ ഖണ്ഡശ്ശ വായിച്ചപ്പോള്‍ത്തന്നെ അതിനുവേണ്ടി ചാകാനും ഞാന്‍ ഒരുക്കമായിരുന്നു!’
പാതി തമാശയാണെങ്കിലും അതെനിക്ക് ഇഷ്ടമായി. നോവലിലെ മുഖ്യകഥാപാത്രമായ ജിതേന്ദ്രനായി സാത്മ്യപ്പെടാന്‍ അതുവായിക്കുന്നവര്‍ക്ക് ഒരാന്തരചോദന ഉണ്ടായിവരുന്നു! വിചിത്രമായ രീതിയില്‍ ‘കവറടക്കം’ ചെയ്യപ്പെട്ട ഈ പുസ്തകത്തിന്റെ ആത്മാവിനേയും ആളുകള്‍ സ്വീകരിച്ചുതുടങ്ങുന്നു.
എന്നാല്‍ വിപണിയുടെ ദുശ്ശാഠ്യങ്ങള്‍ മൂലം രണ്ടാംപതിപ്പില്‍ ആബിദ് ഇരട്ടക്കവര്‍ ഒഴിവാക്കുകയും മറ്റൊന്ന് ഉടന്‍ തയ്യാറാക്കുകയും ചെയ്തു. അന്ന് മൃതദേഹമായി മോഡലിനെ വച്ച് പകര്‍ത്തിയ ചിത്രങ്ങളുടെ ഊഴം കഴിഞ്ഞപ്പോള്‍ ആബിദിന്റെ കണ്ണില്‍പ്പെട്ട ഒരു ദൃശ്യം അവന്‍ അന്നേ ക്യാമറാമാനോട് പകര്‍ത്തിസൂക്ഷിക്കാന്‍ പറഞ്ഞിരുന്നു. ‘ശവം’ എഴുന്നേറ്റുപോയതിനുശേഷം, വെളുത്ത കിടക്കവിരിയില്‍ കാണപ്പെട്ട ചുളുക്കുകളും അലങ്കോലവും! ക്യാമറക്കാരനെ അത് ചൂണ്ടിക്കാണിച്ചിട്ട് കലാകാരന്‍ പറഞ്ഞു:’ ഈ ചുളിവുള്ള വെള്ളവിരിപ്പിന്റെ ചിത്രങ്ങള്‍ മുകളില്‍നിന്നുള്ള വീക്ഷണകോണിലൂടെ പകര്‍ത്തിവച്ചോളൂ. നമുക്ക് പിന്നീട് ആവശ്യംവരും!’
രണ്ടാം പതിപ്പിനുള്ള പുറംചട്ടയുടെ ഡിസൈന്‍ ഇ- മെയിലായി അയച്ചുതന്നിട്ട് സൈനുല്‍ എന്നോടു പറഞ്ഞു:’ ശവത്തെ കിടത്തിയിരുന്ന കിടക്കയിലെ ചുളിവുകള്‍ നോക്കൂ. ഇപ്പോള്‍ ആരോ അവിടെക്കിടന്ന് സെക്‌സ് നടത്തി എഴുന്നേറ്റുപോയതായും അതു തോന്നിക്കുന്നു!’
ഞാനവനെ മനസ്സാ നമിച്ചു: നോവലിലെ ‘ഇരുട്ട്’ എന്ന അധ്യായത്തിലെ നൂറുകണക്കിന് വാക്കുകളില്‍ ഞാന്‍ ആവിഷ്‌കരിച്ച ആശയം ഒരൊറ്റ ഇമേജിലേക്ക് അയാള്‍ കാച്ചിക്കുറുക്കിയിരിക്കുന്നു! മൃതിയുടേയും രതിയുടേയും തല്പം ഒന്നാണെന്ന തിരിച്ചറിവ്!
ആ നോവലിന് അതിന്റെ എഴുത്തുകാരനും പിന്നീട് ധാരാളം പുരസ്‌കാരങ്ങള്‍ കിട്ടി. പതുക്കെപ്പതുക്കെയാണെങ്കിലും അതൊരു അശ്ലീലകൃതിയല്ലെന്നും സൂക്ഷിച്ചുവയ്ക്കാന്‍ തോന്നിക്കുന്ന എന്തോ ഒന്ന് അതില്‍ ഉള്ളടക്കംചെയ്യപ്പെട്ടിട്ടുണ്ടെന്നും മലയാളികള്‍ ഇപ്പോള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. അവസാനം അതിനു കിട്ടിയത് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡാണ്. പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വര്‍ഷത്തില്‍. അതു പ്രമാണിച്ച് ഡിസി ബുക്‌സ് അതിന്റെ എട്ടാം പതിപ്പ് അയ്യായിരം കോപ്പിയാണ് ഇപ്പോള്‍ അടിച്ചിരിക്കുന്നത്. സൈനുല്‍ ആബിദല്ല, മറ്റൊരു കലാകാരനാണ് ഈ എട്ടാം പതിപ്പിന്റെ കവര്‍ നിര്‍വഹിച്ചിരിക്കുന്നത്. ഒരാണ്‍കൈയിന്റെ കരുത്തുറഞ്ഞ വാല്‍സല്യച്ചുറ്റിനുള്ളില്‍ ഭൂമിയിലേക്കെത്തിയ ഒരു നവാഗതന്റെ പിഞ്ചുപാദങ്ങളാണ് ദൃശ്യം. സംഗതി ഒട്ടും മോശമായിട്ടില്ല തന്നെ. എന്നാല്‍ ഇന്നും ചിലര്‍ കോഴിക്കോട്ടെ ഡിസി ബുക്‌സില്‍ അതിന്റെ ആദ്യത്തെ കവര്‍ തിരക്കി വരാറുണ്ടെന്ന് അവിടത്തെ സുഹൃത്തുക്കള്‍ എന്നോട് പറയുന്നു: ‘ഓ, എന്നാലും ആദ്യത്തെ കവര്‍! അതൊരുഗ്രന്‍ സംഗതിയായിരുന്നു!’
അതെ, തീര്‍ത്തും ഇല്ലാതെയായി എന്ന് ഉറപ്പുവരുമ്പോള്‍ നാം എന്തിനും ഒരധികവില കല്പിക്കാന്‍ തുടങ്ങുന്നു!

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം