പിണറായിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ്‌; കെ സുരേന്ദ്രന് സിപിഎമ്മുകാരുടെ പൊങ്കാല

k surendranകോട്ടയം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ഉന്നംവച്ചുള്ള  കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്‌ സിപിഎമ്മുകാരുടെ പൊങ്കാല. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറിയോ എന്ന സുരേന്ദ്രന്റെ പോസ്‌റ്റിനോട്‌ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തിയാലും വിഴിഞ്ഞം പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പിനെ മാറ്റില്ല എന്ന പിണറായിയുടെ പ്രസ്‌താവനയ്‌ക്കെതിരേയായിരുന്നു സുരേന്ദ്രന്റെ ഒളിയമ്പ്‌.

ഒരാള്‍ മുഖ്യമന്ത്രിയെ പോലെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട്‌ എന്ന്‌ തുടങ്ങിയിട്ടുള്ള പോസ്‌റ്റിന്‌ കടുത്ത വിമര്‍ശനവുമായിട്ടാണ്‌ ഇടത്‌ അനുകൂലികള്‍ എത്തിയിട്ടുള്ളത്‌.

സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

ഒരാള്‍ മുഖ്യമന്ത്രിയായപോലെ പെരുമാറാന്‍ തുടങ്ങിയിട്ടുണ്ട്‌. പ്രതിച്‌ഛായ മാറ്റാനുള്ള തന്ത്രമാണത്രെ.. ഫേസ്‌ ബുക്കില്‍ പേജ്‌ തുടങ്ങിക്കൊണ്ടായിരുന്നു തുടക്കം. പിന്നെ പലരെയും രഹസ്യമായിക്കണ്ട്‌ ചര്‍ച്ചകള്‍. പാറമടമുതലാളിമാരും വിദ്യാഭ്യാസകച്ചവടക്കാരുമൊക്കെ വന്നുകണ്ട്‌ ചര്‍ച്ചകള്‍ നടത്തി, കൂട്ടത്തില്‍ ചില മതതീവ്രവാദ സംഘടനാ നേതാക്കളും. ഇന്നിപ്പോള്‍ ചില കുടിവെള്ള പദ്ധതികളൊക്കെ സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തിയത്രേ. വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഏറ്റെടുത്തപ്പോള്‍ പറഞ്ഞത്‌ അദാനി മോദിയുടെ ഇടപാടുകാരനാണെന്നും കോര്‍പറേറ്റ്‌ ഭീകരനാണെന്നും പദ്ധതികൊണ്ട്‌ കേരളത്തിന്‌ പ്രയോജനമില്ലെന്നുമൊക്കെയായിരുന്നു. ഇപ്പോള്‍ പറയുന്നത്‌ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അദാനി തന്നെ തുടരുമെന്നാണ്‌. വികസനത്തിന്‌ എതിരുനില്‍ക്കുന്നവര്‍ സാമൂഹ്യ വിരുദ്ധരാണെന്ന്‌ പ്രകൃതി സ്‌നേഹികളെ ഉദ്ദേശിച്ചുള്ള പ്രസ്‌താവനയും കണ്ടു. പഠിച്ച പണി പതിനെട്ടും പയറ്റിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ?

നേരത്തേ മോഡിയുടെ ഇടപാടുകാരാണ്‌ അദാനി ഗ്രൂപ്പ്‌ എന്നും ഈ കോര്‍പ്പറേറ്റ്‌ ഭീമനെകൊണ്ട്‌ കേരളത്തിന്‌ ഗുണമില്ലെന്നും പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ അദാനിയെ പിന്തുണയ്‌ക്കുമെന്ന്‌ പറയുന്നതായി സുരേന്ദ്രന്‍ ആരോപിക്കുന്നു. അതേസമയം വിമര്‍ശകര്‍ സുരേന്ദ്രന്റെ പരിഭാഷാ വിവാദവും ഉള്ളിക്കറിയുമാണ് ആയുധമാക്കിയിരിക്കുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം