ദയാബായ് ആരുമില്ലാത്തവര്‍ക്ക് വേണ്ടി ജീവിച്ചവള്‍

Dayabhaiകെഎസ്ആര്‍ടിസി ജീവനക്കാരുടെ അപമര്യാദയായ പെരുമാറ്റമാണ് ദയാബായ് എന്ന പേര് കേരളത്തില്‍ വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. വിവാദങ്ങള്‍ക്ക് മാത്രമേ ചില ആളുകളെ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിയുവെന്ന അവസ്ഥ ആശാസ്യമല്ല. ദയാബായി എന്ന പേര് ഈ ഒരു വിവാദത്തിന്റെ പേരില്‍ മാത്രം ചര്‍ച്ചയാവേണ്ടതല്ല. കേരളത്തിന് അഭിമാനമായ വ്യക്തിത്വം എന്ന പേരില്‍ കേരളത്തിനുള്ളിലോ ഇന്ത്യയിലെ ഏതെങ്കിലും ഒരു പ്രദേശത്തു മാത്രമോ തളച്ചിടാനാവുന്നതല്ല അവരുടെ പ്രവൃത്തി മണ്ഡലം. തിരസ്‌കരിക്കപ്പെട്ട് മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഒരു സമൂഹത്തിന്റെ നാവായി മാറിയതാണ് ദയാബായ് എന്ന പേര് ഇന്ത്യ ഒട്ടാകെ ബഹുമാനസൂചകമായി മാറാനുള്ള കാരണം. വര്‍ഷങ്ങളുടെ പോരാട്ടമാണ്, നീതിക്ക് വേണ്ടിയുള്ള പുതിയ വഴി തേടലുകളാണ് ദയാബായിയെ സ്വീകാര്യയാക്കുന്നത്.

കോട്ടയം ജില്ലയിലെ പാലയ്ക്ക് അടുത്ത് പൂവരണിയില്‍ ജനിച്ച മേഴ്‌സി മാത്യു എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടി ദയാബായ് എന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന സാമൂഹിക-പാരിസ്ഥിതിക പ്രവര്‍ത്തകയായി മാറിയത് വര്‍ഷങ്ങളുടെ പോരാട്ടങ്ങളിലൂടെയാണ്. 1941 ല്‍ പൂവരണിയില്‍ ജനനം. കന്യസ്ത്രീയാകാന്‍ താല്‍പര്യപ്പെട്ട് 16ആം വയസില്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റിലെത്തി. തന്റെ കര്‍മ്മ മണ്ഡലം ഇതല്ലെന്ന് മനസ്സിലാക്കിയ മേഴ്‌സി മാത്യു കന്യസ്ത്രീ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ആദിവാസി മേഖലയുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങി.

മുഖ്യധാരയിലുള്ള സാധാരണക്കാര്‍ക്കും വലിയവര്‍ക്കും ഒരു പോലെ അപ്രാപ്യരോ അധകൃതരോ ആയിരുന്ന ഗോത്രമേഖലയിലെ പച്ച മനുഷ്യരുടെ ജീവിതത്തിലേക്ക് പരിഷ്‌കാരത്തിന്റെ പൊങ്ങച്ചം കാണിക്കാതെ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാനായെന്നതാണ് മേഴ്‌സി മാത്യവിന്റെ ദയാബായിയിലേക്കുള്ള പരിവര്‍ത്തനം വ്യക്തമാക്കുന്നത്. മധ്യപ്രദേശിലെ ഇരുണ്ടു കിടന്ന ഗോത്രമേഖലയിലേക്ക് അധികൃതരുടെയും ഭരണകൂടത്തിന്റെയും കണ്ണുകള്‍ എത്തിക്കാന്‍ കാരണക്കാരിയായത് സത്യാഗ്രഹം അടക്കം നിരവധി സമരമാര്‍ഗ്ഗങ്ങള്‍ പയറ്റിയ ദയാബായിയുടെ നിശ്ചയദാര്‍ഢ്യമാണ്. സ്‌കൂളുകളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും തിരസ്‌കരിക്കപ്പെട്ട ലോകത്ത് എത്തിക്കാന്‍ ഈ സാമൂഹിക പ്രവര്‍ത്തകയ്ക്ക് കഴിഞ്ഞു.

ലോകം അറിയപ്പെടുന്ന പാരിസ്ഥിതിക പ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയും എന്ന നിലയിലേക്ക് ദയാബായ് വളര്‍ന്നത് ബീഹാറിലേയും, ഹരിയാനയിലേയും മധ്യപ്രദേശിലേയും പശ്ചിമബംഗാളിലേയും മഹാരാഷ്ട്രയിലേയും ഗോത്രവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയാണ്. അവരിലൊരാളായി വേഷത്തിലും ഭാഷയിലും ഒപ്പം ചേര്‍ന്നായിരുന്നു ഈ പോരാട്ടങ്ങളെന്നതാണ് അവരെ വ്യത്യസ്തയാക്കുന്നതും. വെറും തറയില്‍ പായ വിരിച്ച് കിടന്നും ഇന്ത്യ ഒട്ടാകെയുള്ള യാത്രകള്‍ക്കിടയില്‍ റെയില്‍വെ പ്ലാറ്റ് ഫോമുകളില്‍ കിടന്നുറങ്ങിയും ലോകത്തെ അവര്‍ ചിന്തിപ്പിച്ചു. ആദിവാസികളുടെ വേഷഭൂഷയിലൂടെ ലോകത്തിന് മുന്നിലെത്തി ആ വേഷം അണിയുന്നവര്‍ക്ക് ആത്മവിശ്വാസവും അന്തസും കരുതലും പകര്‍ന്നു. വേഷത്തിലല്ല പ്രവൃത്തിയിലാണ് കാര്യമെന്ന് ഓരോ വട്ടവും സ്ഥാപിച്ചു.

മധ്യപ്രദേശിലെ ചിന്തവാഡ ജില്ലയിലെ ബരൂളില്‍ താമസിച്ച് സ്വന്തമായൊരു വിദ്യാഭ്യാസ സ്ഥാപനം ആദിവാസി കുഞ്ഞുങ്ങള്‍ക്കായി സ്ഥാപിച്ചു. വിദ്യാഭ്യാസത്തിന്റെ ആവശ്യകത കാടിന്റെ മക്കളെ പഠിപ്പിക്കാന്‍ കാണിച്ചതു പോലുള്ള ഉല്‍സാഹം ദയാബായിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നു. നര്‍മത ബച്ചാവോ ആന്ദോളന്‍ മുതല്‍ കേരളത്തിലെ ചെങ്ങറ സമരത്തിലും പ്ലാച്ചിമടയില്‍ കൊക്കോകോളയ്‌ക്കെതിരായ പോരാട്ടത്തിലും ഊര്‍ജ്ജം പകര്‍ന്ന് ദയാബായി എത്തി. ബംഗ്ലാദേശിലെ യുദ്ധ കാലഘട്ടത്തില്‍ സാധാരണക്കാരെ സഹായിക്കാന്‍ അവിടെയും ദയാബായി ഓടിയെത്തിയിരുന്നു.

ഗാന്ധിജിയും, ജീസസും റാണി ലക്ഷ്മിഭായിയുമാണ് ജീവിതത്തെ സ്വാധീനിച്ച വ്യക്തികളെന്ന് ദയാബായി പറയും. മേഴ്‌സിയെന്ന പേര് തര്‍ജ്ജമ ചെയ്ത് നാടന്‍ ഭാഷയിലാക്കി. ബംഗ്ലാദേശില്‍ കണ്ട യുദ്ധ കാഴ്ചകള്‍ ജീവിതത്തെ മാറ്റി ചിന്തിപ്പിച്ചു. കുട്ടികളും സ്ത്രീകളും മനുഷ്യന്‍ ഉണ്ടാക്കുന്ന ദുരന്തത്തില്‍ ഏറ്റവും അധികം ബാധിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ നേരിട്ട് കണ്ടു. പിന്നീടങ്ങോട്ട് ജീവിതത്തിന്റെ മറ്റൊരു ഏട് തുറക്കപ്പെടുകായയിരുന്നുവെന്നാണ് ദയാബായ് പറയുന്നത്.

പതിറ്റാണ്ടുകള്‍ പിന്നിട്ടു ദയാബായ് ഇന്നും ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പുറത്തു നിന്നും എത്തി നോക്കി പോകുന്ന നേതാവായല്ല. ഒപ്പം നിന്ന് ഒരു കൈ നല്‍കി ഒരുമിച്ച് പോരാടുന്ന കൂട്ടാളിയായി. റെയില്‍വെ പ്ലാറ്റ് ഫോമുകളും കാടിന്റെ തണലും കിടക്കാനുള്ള ഇടമാക്കി. വര്‍ഷങ്ങളായി ശബ്ദമില്ലാതെ അലയുന്നവരുടെ ശബ്ദവും ഊര്‍ജ്ജവുമായി ഇന്ത്യയാകമാനം 74ാം വയസിലും അവര്‍ ഓടി നടക്കുന്നു, മാറ്റത്തിന് വേണ്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം