ഗള്‍ഫ് നാടുകളില്‍ സ്വര്‍ണ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം

goldയുഎഇയില്‍ സ്വര്‍ണത്തിന്റെയും സ്വര്‍ണാഭരണങ്ങളുടേയും വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇനി മുതല്‍ വിലകളും ഔദ്യോഗികമായി നിശ്ചയിക്കും. വിറ്റഴിക്കുന്ന സ്വര്‍ണത്തിന്റെ ഗുണനിലവാരത്തില്‍ ഇനിമേല്‍ യാതൊരു സന്ധിയുമില്ലെന്ന് വ്യക്തമാക്കുന്ന വിളംബരം യുഎഇ പ്രസിഡന്റ് ഷേക് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ചു. പുതുവര്‍ഷത്തില്‍ പുതിയ നിയമം നിലവില്‍ വരും. സ്വര്‍ണത്തിന് പുറമേ  വെള്ളി, പ്ലാറ്റിനം, ഡയമണ്ട് എന്നിവയ്ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.

പുതിയ നിയമത്തോടനുബന്ധിച്ച് ആദ്യഘട്ടമായി ദുബായിലെ 500 സ്വര്‍ണാഭരണശാലകളില്‍ വില്‍ക്കുന്ന സ്വര്‍ണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും ഒരേവിലയായിരിക്കും. എല്ലാ ഷോറൂമുകളിലേയും പ്രത്യേക സ്‌ക്രീനുകളില്‍ പ്രവര്‍ത്തനസമയം മുഴുവന്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കണം. ദുബായ് ധനവകുപ്പിന്റെ സാമ്പത്തികകാര്യ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റാണ് ഒരേസമയം എല്ലാ സ്‌ക്രീനുകളിലേക്കും ഔദ്യോഗിക വില സ്വര്‍ണ വില അയക്കുക. എല്ലാ അന്താരാഷ്ട്ര വിപണിയിലും ഓരോദിവസവും ഉണ്ടാകുന്ന വിലവ്യതിയാനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് രാവിലെ ഒന്‍പത് മണി, ഉച്ചയ്ക്ക് രണ്ട്, വൈകിട്ട് അഞ്ചു മണി, രാത്രി എട്ട് എന്നിങ്ങനെ നാലുതവണ മാറിമറിയുന്ന വിലവിവരങ്ങള്‍ സ്‌ക്രീനുകളിലേക്ക് അയക്കും. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ലഭ്യതയും ഉപഭോഗവും അനുസരിച്ചാവും വിലവ്യത്യാസമുണ്ടാവുക എന്ന് ദുബായ് സാമ്പത്തികകാര്യ മേധാവി മുഹമ്മദ് ലൂട്ട പറഞ്ഞു. ഏറ്റവും താണ നികുതിയും ജൂവലറികള്‍ തമ്മിലുള്ള കിടമത്സരവുമാണ് ദുബായില്‍ സ്വര്‍ണവില ഏറ്റവും കുറയാന്‍ കാരണം. ആഭരണശാലകളുടെ ബാഹുല്യമാണ് വിലക്കുറവിനു മറ്റൊരു കാരണം.

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വര്‍ണമോ സ്വര്‍ണാഭരണങ്ങളോ വാങ്ങുമ്പോള്‍ സര്‍വീസ് ചാര്‍ജ്ജ് ഇനിമേല്‍ ഈടാക്കുന്നതല്ല. ആയിരത്തോളം ആഭരണശാലകളാണ് ദുബായിലുളളത്. ശേഷിക്കുന്ന ജൂവലറികളിലും ജനുവരിയില്‍ത്തന്നെ വിലനിര്‍ണയം പ്രാബല്യത്തില്‍ വരും. ശേഷിക്കുന്ന ആഭരണശാലകള്‍ക്കും ദുബായ്‌ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പില്‍ അംഗങ്ങളല്ലാത്തവര്‍ക്കും അടുത്തവര്‍ഷം ആദ്യംതന്നെ നിശ്ചിത സ്വര്‍ണവില നടപ്പാക്കുന്നതാണ്. നിര്‍ണയിക്കുന്ന വിലയിലും കുറച്ച് സ്വര്‍ണം വില്‍ക്കാന്‍ ജുവലറികള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്ന് വിലനിരക്കുകള്‍ സംബന്ധിച്ച് ദുബായ് ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പുമായി കരാര്‍ ഒപ്പുവച്ച ധനവകുപ്പിലെ സാമ്പത്തിക വിഭാഗം മേധാവി മുഹമ്മദ് ലൂട്ടയും ഗ്രൂപ്പ് ചെയര്‍മാന്‍ തൗഹിദ് അബ്ദുള്ളയും വൈസ് ചെയര്‍മാന്‍ ചന്ദുസിരോയയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം ഗള്‍ഫിലെ ചില ജുവലറികള്‍ സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്മയില്‍ തട്ടിപ്പു നടത്തുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് യുഎഇ പ്രസിഡന്റ് ഷെയ്ക് ഖലീഫ ബിന്‍സയീദ് ഗുണമേന്മ ഉറപ്പുവരുത്തുന്ന വിളംബരം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഹാള്‍മാര്‍ക്ക് ചെയ്തതും ആധികാരികമായ സര്‍ട്ടിഫിക്കറ്റുമുള്ള സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുമേ വില്‍ക്കാവു. നിയമം ലംഘിക്കുന്ന ജൂവലറി ഉടമകള്‍ തടവിനു പുറമേ അരക്കോടി മുതല്‍ ഒരു കോടി രൂപവരെ പിഴയും നല്‍കണം. വ്യാജ ഹാള്‍മാര്‍ക്കിങ്ങും കള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. വിളംബരത്തിലെ മറ്റു നിയമങ്ങള്‍ ലംഘിക്കുന്നവരും തടവിനും പിഴയ്ക്കും വിധേയരാകണം.

യുഎഇയില്‍ പ്രതിവര്‍ഷം 12,000 കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളാണ് വിറ്റഴിക്കുന്നത്. ഇതിനുപുറമേ സ്വര്‍ണക്കട്ടികളുടേയും ഡയമണ്ട്, വെള്ളി ആഭരണങ്ങളുടേയും വില്‍പന മൂല്യം 1090 കോടി രൂപയാണ്. യുഎഇയുടെ എണ്ണയേതര വരുമാനത്തിന്റെ 37 ശതമാനം സ്വര്‍ണാഭരണ വിപണനമേ ഖലയില്‍ നിന്നായതിനാലാണ് ലോകത്തെ ഏറ്റവും വലിയ ഈ വിപണിയിലെ ഉപഭോക്തൃ താല്‍പര്യസംരക്ഷണത്തിന് യുഎഇ പ്രസിഡന്റ് വിളംബരം പുറപ്പെടുവിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം