കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍പ്പിലേക്ക് നേതാക്കള്‍ ഇടതുമുന്നണിയിലേക്ക്

 

fകോട്ടയം: വളരുംതോറും പിളരുന്ന കേരള കോണ്‍ഗ്രസ് പാരമ്പര്യം ആവര്‍ത്തിക്കുന്നു. കേരള കോണ്‍ഗ്രസ് (എം) വീണ്ടും പിളര്‍പ്പിലേക്ക്. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കള്‍ പിളര്‍ന്ന് ഇടതുമുന്നണിയിലേക്ക് ചേക്കേറുകയാണ്. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിക്കാനാണ് ഇവരുടെ തീരുമാനം. ഇന്നു ഉച്ചയ്ക്കു ശേഷം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. ഇതിനു മുന്‍പ് പാര്‍ട്ടി, സര്‍ക്കാര്‍ പദവികള്‍ ഇവര്‍ രാജിവച്ചേക്കും.

ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം ഡോ. കെ.സി ജോസഫ്, ആന്റണി രാജു തുടങ്ങിയവരും പാര്‍ട്ടി വിടുന്നുണ്ട്. പി.ജെ ജോസഫിനൊപ്പം മാണി വിഭാഗത്തില്‍ ലയിച്ചവരാണ് ഇവര്‍. ജോസഫിനെ വിട്ട് വലിയൊരു വിഭാഗം പ്രവര്‍ത്തകരും ഫ്രാന്‍സിസ് ജോര്‍ജിനു പിന്നില്‍ ഇതിനകം അണിനിരന്നുകഴിഞ്ഞുവെന്നാണ് സൂചന. ആരോഗ്യവും ക്ഷയിച്ച്, പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട ജോസഫിനൊപ്പം നില്‍ക്കുന്നതിലും നല്ലത് കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കൂടിയായ കെ.എം ജോര്‍ജിന്റെ മകനൊപ്പം ചേരുന്നതാണെന്ന വികാരവും പ്രവര്‍ത്തകര്‍ക്കുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാനാവില്ലെന്ന കെ.എം മാണിയുടെ വാശിയാണ് പിളര്‍പ്പിലേക്ക് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇടുക്കി മുന്‍ എം.പി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജിനുള്ള ജനസമ്മതി മാണിക്ക് മറച്ചുപിടിക്കാന്‍ കഴിയില്ല. ഫ്രാന്‍സിസ് വളര്‍ന്നുവന്നാല്‍ ജോസ് കെ.മാണിയുടെ നിലനില്‍പ്പിന് ഭാവിയില്‍ ഭീഷണിയാകുമെന്ന ഭയമാണ് സീറ്റ് നിഷേധത്തിനു മാണിയെ പ്രേരിപ്പിക്കുന്നത്. ആന്റണി രാജുവും ഡോ.കെ.സി ജോസഫും മുന്‍പ് നിയമസഭയില്‍ എത്തിയവരാണ്. സീറ്റ് ആവശ്യപ്പെട്ട് ഇവരും രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ സീറ്റുകള്‍ ഇവര്‍ക്ക് നല്‍കാന്‍ മാണി തയ്യാറാകാത്തതാണ് പിളര്‍പ്പിലേക്ക് വഴിവച്ചത്.

2010ല്‍ ഇരുപാര്‍ട്ടികളും ലയിച്ചതോടെ ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ മാണി പിടിച്ചടക്കിയെന്നും പാര്‍ട്ടിയിലും അവഗണനയാണെന്നും വിമത നേതാക്കള്‍ക്ക് പരാതിയുണ്ടായിരുന്നു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റില്‍ മത്സരിക്കാന്‍ ഫ്രാന്‍സീസ് ജോര്‍ജ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് മാത്രം ആവശ്യപ്പെട്ട മാണി അത് മകനു വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു. ഇടുക്കിയില്‍ മലയോര വികസന സമിതി സ്ഥാനാര്‍ത്ഥിയായി വരെ ഫ്രാന്‍സിസ് ജോര്‍ജിനെ പരിഗണിച്ചിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് പ്രലോഭനങ്ങളില്‍ വീഴാതെ പാര്‍ട്ടി വിടാതെ പിടിച്ചുനിന്ന ഫ്രാന്‍സിസ് ജോര്‍ജ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പ്രതീക്ഷിച്ചിരുന്നു. ചില സഭാ അധ്യക്ഷന്മാരുടെ സമ്മര്‍ദ്ദവും പാര്‍ട്ടിയില്‍ തുടരാന്‍ ഫ്രാന്‍സിസിനെ പ്രേരിപ്പിച്ചു.

ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് ഇടതുമുന്നണിക്കൊപ്പമുള്ള കേരള കോണ്‍ഗ്രസ് വിഭാഗം നേതാവായ സ്‌കറിയ തോമസ് വ്യക്തമാക്കി. താന്‍ പിതാവിനെ പോലെ ബഹുമാനിച്ചിരുന്ന കെ.എം ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസിനെ അനുജനപോലെ കണ്ട് പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്ന് സ്‌കറിയ തോമസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം