കാരുണ്യത്തിന്റെ കരസ്‌പർശം കാത്ത് രാജേശ്വരി

തിരുവനന്തപുരം: സുന്ദരിയായിരുന്നു രാജേശ്വരി. കണ്ടാലാരും നോക്കിപ്പോകുന്ന നാടൻ സൗന്ദര്യം. അതുകൊണ്ടുതന്നെ പെണ്ണിനെ കണ്ടിഷ്ടപ്പെട്ട ചെറുക്കൻ കൂടുതൽ സ്ത്രീധനമൊന്നും ചോദിക്കാതെ വിവാഹം കഴിക്കാൻ തയാറായി. പക്ഷേ, 25-ാം വയസിൽ വിധിയുടെ കരങ്ങൾ അവളുടെ ജീവിതം തകർത്തു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുണ്ടായ പക്ഷാഘാതം അവളെ എല്ലുംതോലും മാത്രമാക്കി. ഭർത്താവ് ഉപേക്ഷിച്ച രാജേശ്വരി ഇന്ന് ജീവൻ നിലനിറുത്താൻ മറ്റുള്ളവരുടെ ദയയ്‌ക്കായി യാചിക്കുകയാണ്.

അരുവിക്കര കിഴക്കുംകര കോളനി കരിനെല്ലിയോട് രാജേശ്വരി ഭവനിൽ രാജേശ്വരി (26)ഒരു വർഷത്തിലേറെയായി കിടക്കയിൽ നിന്ന് അനങ്ങിയിട്ട്. മൂന്നുവർഷം മുമ്പ് ഭർത്തൃഗൃഹത്തിൽ സന്തോഷപൂർവ്വം കഴിഞ്ഞ രാജേശ്വരിയുടെ ജീവിതത്തിൽ കരിനിഴൽ പരത്തിയ ഹൃദ്രോഗത്തിന്റെ ചികിത്സ നടക്കുന്നതിനിടയിലെപ്പോഴോ തലകറക്കവും ഛർദ്ദിയും വർദ്ധിച്ചു. ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അപൂർവ്വ അസുഖമാണെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിധിയെഴുതി.
ഇതിന്റെ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മേയിൽ അസുഖം മൂർച്‌ഛിച്ചതിനെ തുടർന്ന് ഒരുമാസത്തോളം വെന്റിലേറ്ററിൽ കിടന്നു. പക്ഷാഘാതം ബാധിച്ചതോടെ ചലനശേഷിയും സംസാരശേഷിയും നഷ്ടമായി. ഇതിനിടയിലെപ്പോഴോ ഭർത്താവും കുടുംബവും രാജേശ്വരിയെ കൈവിട്ടു,അച്ഛൻ നേരത്തെ മരിച്ച രാജേശ്വരിക്ക് ഇപ്പോൾ തുണ കൂലിപ്പണിക്കാരിയായ അമ്മ മീനാക്ഷിയമ്മ മാത്രമാണ്.

കിടപ്പിലായ മകളെ നോക്കേണ്ടതിനാൽ മീനാക്ഷിയമ്മയ്‌ക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഏകസഹോദരൻ പത്താംക്ളാസിൽ പഠനം ഉപേക്ഷിച്ച് രാജേശ്വരിയുടെ ചികിത്സയ്‌ക്ക് പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. സർക്കാരിൽ നിന്ന് ലഭിച്ച നാലുസെന്റ് സ്ഥലം ഇപ്പോൾ ജപ്‌തി ഭീഷണിയിലാണ്. ഉള്ള കിടപ്പാടം കൂടി പോയാൽ വയ്യാത്ത കുട്ടിയെയും കൂട്ടി ‌ എങ്ങോട്ടു പോകുമെന്നാണ് മീനാക്ഷിയമ്മയുടെ വേവലാതി. നാട്ടുകാരാണ് രാജേശ്വരിയുടെ ചികിത്സയ്‌ക്ക് സഹായിച്ചിരുന്നത്.

അലോപ്പതി കയ്യൊഴിഞ്ഞതോടെ ആയുർവേദ ചികിത്സയാണ് ഇപ്പോൾ നടത്തുന്നത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ നേരിയ മാറ്റം കാണുന്നുണ്ട്. ചികിത്സ തുടരുകയാണെങ്കിൽ രാജേശ്വരിക്ക് ചലിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പക്ഷേ, ചികിത്സാ ചെലവിന് എങ്ങനെ പണം കണ്ടെത്തുമെന്നത് ഇവരെ വലയ്‌ക്കുന്നു. സുമനസുകളുടെ സഹായം തേടി മീനാക്ഷിയമ്മയുടെ പേരിൽ സിൻഡിക്കേറ്റ് ബാങ്ക് വെള്ളനാട് ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40082200112275.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം