ഇനി മുതല്‍ പാസ്പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തന്നെ സൂക്ഷിക്കാം

passportറിയാദ്: ഇനി മുതല്‍ പാസ്പോര്‍ട്ടുകള്‍ ഉടമകള്‍ക്ക് തന്നെ സൂക്ഷിക്കാമെന്ന് തൊഴില്‍ നിയമഭേദഗതി. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ തൊഴിലുടമക്ക് അവകാശമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് ഇന്നു മുതല്‍ നടപ്പാക്കുന്ന തൊഴില്‍ നിയമത്തിലെ ഭേദഗതികളില്‍ ഒന്ന്. തൊഴിലാളിയുടെ പാസ്‌പോര്‍ട്ടുകള്‍ സൂക്ഷിക്കുന്ന തൊഴിലുടമകള്‍ക്ക് ഓരോ പാസ്‌പോര്‍ട്ടിനും 2000 റിയാല്‍ പിഴ ചുമത്തുമെന്നാണ് പുതിയ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നത്. വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം വെക്കാനും സൂക്ഷിക്കാനുമുളള അവകാശം തൊഴിലാളികള്‍ക്കാണെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പിഴശിക്ഷ നിയമമായി പ്രാബല്യത്തില്‍ വരുന്നത് ആദ്യമായാണ്.

വിദേശ രാഷ്ട്രങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും ഗവണ്‍മെന്റുകള്‍ വിതരണം ചെയ്യുന്ന ഔദ്യോഗിക തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോര്‍ട്ട്. ഇത് പാസ്‌പോര്‍ട്ട് ഉടമ സൂക്ഷിക്കണമെന്നാണ് അന്താരാഷ്ട്ര ചട്ടം. യാത്രാവേളയില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും പൊലീസ് ഓഫീസര്‍മാര്‍ക്കും പരിശോധിക്കാന്‍ മാത്രമേ പാസ്‌പോര്‍ട്ട് നല്‍കാന്‍ പാടുളളൂ. ഒരാളുടെ പാസ്‌പോര്‍ട്ട് മറ്റൊരാള്‍ സൂക്ഷിക്കുന്നതു പോലും ചട്ടലംഘനമാണ്.

റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് പോലും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ പാസ്‌പോര്‍ട്ട് സൂക്ഷിക്കാന്‍ അധികാരമുളളൂ. ജനറല്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കും പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്നതിന് കര്‍ശന വ്യവസ്ഥകളും പ്രത്യേക അനുമതിയും ആവശ്യമാണ്. ഒരു രാജ്യത്തെ പൗരനെ തിരിച്ചറിയാനുളള ഔദ്യോഗിക രേഖ എന്നതിനാല്‍ നഷ്ടപ്പെടുകയോ ആള്‍മാറാട്ടം നടത്തുന്നതിനോ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നതിനോ പാസ്‌പോര്‍ട്ട് ഉപയോഗിക്കാനുളള സാധ്യത പരിഗണിച്ച് അന്താരാഷ്ട്ര തലത്തില്‍ പാസ്‌പോര്‍ട്ടിന് ഏറെ പ്രാധാന്യമാണുളളത്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പാസ്‌പോര്‍ട്ടുകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും പല രാഷ്ട്രങ്ങളിലെയും പാസ്‌പോര്‍ട്ടുകളില്‍ ആള്‍മാറാട്ടം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമം 2009 അനുസരിച്ച് പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമക്കെതിരെ 10000 ഖത്തര്‍ റിയാല്‍ പിഴ ചുമത്താന്‍ വകുപ്പുണ്ട്. തൊഴിലാളികള്‍ ഓടിപ്പോകാതിരിക്കാനാണ് സഊദി അറേബ്യയില്‍ തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് തൊഴിലാളികളെ നിലനിര്‍ത്താനുളള ജാമ്യമല്ലെന്നും മന്ത്രാലയം തൊഴിലുടമകളോട് പറഞ്ഞിട്ടുണ്ട്.

വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് സ്ഥാപന ഉടമകള്‍ സൂക്ഷിക്കുന്നതിനെതിരെ 2010ല്‍ ഒമാന്‍ ഗവണ്‍മെന്റും മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എ.ഇ യില്‍ പാസ്‌പോര്‍ട്ട് വിദേശ തൊഴിലാളികള്‍ തന്നെയാണ് സൂക്ഷിക്കുന്നത്. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ കുടിയേറ്റ തൊഴിലാളികളുള്ള രാഷ്ട്രങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം ഇതുസംബന്ധിച്ച് നല്‍കിയിരുന്നു. 2014ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 113-ാമത് സെഷനില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ സൂക്ഷിക്കുന്നത് പ്രത്യേക പരാമര്‍ശ വിധേയമായിരുന്നു.

സഊദി തൊഴില്‍ നിയമ പ്രകാരം പാസ്‌പോര്‍ട്ട് സൂക്ഷിക്കാനുളള അധികാരം തൊഴിലുടമകള്‍ക്ക് നേരത്തെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ പാസ്‌പോര്‍ട്ട് സൂക്ഷിക്കുന്ന തൊഴിലുടമകള്‍ക്കെതിരെയുളള ശിക്ഷാ നടപടികള്‍ തൊഴില്‍ നിയമത്തില്‍ നിര്‍വചിക്കാതിരുന്നതിനാല്‍ പല തൊഴിലുടമകളും പാസ്‌പോര്‍ട്ട് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നില്ല. പാസ്‌പോര്‍ട്ട് ലഭിക്കുന്നില്ലെങ്കില്‍ ലേബര്‍ ഓഫീസിനെ സമീപിക്കാന്‍ അവകാശമുണ്ടെന്ന് മാത്രമായിരുന്നു നിലവിലുണ്ടായിരുന്ന നിര്‍ദേശം.എന്നാല്‍ പരിഷ്‌കരിച്ച നിയമ പ്രകാരം തൊഴിലുടമ 2000 റിയാല്‍ പിഴയടക്കണം. ഇതോടെ തൊഴിലുടമകള്‍ പാസ്‌പോര്‍ട്ടുകള്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം