ഇനി നെറ്റ് ഇല്ലാതെയും ഗൂഗിള്‍ മാപ്സ് ഉപയോഗിക്കാം

google-maps-iconഇനി മുതല്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഗൂഗിള്‍ മാപ്സ് ഉപയോഗിക്കാം. ഗൂഗിള്‍ അതിന്റെ മാപ്‌സ് സംവിധാനത്തില്‍ വരുത്തിയ പുതിയ മാറ്റം വഴി ഓഫ്‌ലൈന്‍ ആണെങ്കിലും ഗൂഗിള്‍ മാപ്സ് സൗകര്യം ലഭിക്കും. നാവിഗേഷന്‍ മാത്രമല്ല മാപ്‌സിലൂടെ വിവരങ്ങള്‍ തിരയാനും ഇനി നെറ്റ്കണക്ഷന്‍  ആവശ്യമില്ല.

യാത്ര തുടങ്ങിയശേഷം ഇന്റര്‍നെറ്റ് കണക്ഷന്‍ തീരുകയോ നഷ്ടപ്പെടുകയോ ചെയ്താലും വഴിതെറ്റാതെ യാത്ര തുടരാന്‍ ഗൂഗിള്‍ മാപ്‌സ് സഹായിക്കും.

ഇതിനായി ആദ്യം ചെയ്യേണ്ടത് നാം യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം (മാപ്) മൊബൈലില്‍ സേവ് ചെയ്യുക എന്നതാണ്.

ഇതിനായി ഗൂഗിള്‍ മാപില്‍ ‘OK MAPS’ എന്ന് തിരയുക. അപ്പോള്‍ താഴെ Save this map എന്ന് ഓപ്ഷന്‍ വരും. ഇതിന് ശേഷം ആവശ്യമായ സ്ഥലം മാപില്‍ സെലക്ക്ട് ചെയ്യുക. സ്‌ക്രീനില്‍ കാണുന്ന സ്ഥലം മാത്രമേ സേവ് ആകൂ. തുടര്‍ന്ന് സേവ് ബട്ടണ്‍ അമര്‍ത്തിയാല്‍ അനുയോജ്യമായ പേര് നല്‍കി മാപ് സേവ് ചെയ്യാനാകും.

ഒരാള്‍ക്ക് ഒന്നിലധികം മാപ്പുകള്‍ സേവ് ചെയ്യാം. എന്നാല്‍ പരമാവധി 30 ദിവസമേ മാപ്പുകള്‍ക്ക് ആയുസ്സുള്ളൂ. വീണ്ടും വേണമെങ്കില്‍ വീണ്ടും സേവ് ചെയ്യണം.

മാപ്പുകള്‍ സേവ് ചെയ്ത് ഓഫ്‌ലൈനില്‍ ഉപയോഗിക്കാവുന്ന സംവിധാനം നേരത്തെയുണ്ടെങ്കിലും അതില്‍ നാവിഗേഷനും സെര്‍ച്ചിങും സാധ്യമായിരുന്നില്ല.

വലിയ പ്രദേശം ഒന്നിച്ച് സേവ് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ല. ഉദാഹരണത്തിന് കേരളത്തിലെ ഏതെങ്കിലും ഒന്നോ രണ്ടോ ജില്ലകളുടെ മാപ് സേവ് ചെയ്യാന്‍ പറ്റുമെങ്കിലും കേരളം മുഴുവന്‍ സേവ് ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമായില്ല.

ഒരിക്കല്‍ സേവ് ചെയത് മാപ് ലഭിക്കാനായി മെയിന്‍ മെനുവില്‍ ‘your places’ എന്ന് മെനുകാണാം. ഇവിടെ ക്ലിക്കിയാല്‍ നേരത്തേ സേവ് ചെയ്ത മാപുകള്‍ കാണാം. ആവശ്യമായവ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.

ഇപ്രകാരം സേവ് ചെയത് മാപ്പിലൂടെ റൂട്ട് തയ്യാറാക്കി യാത്ര തുടരുമ്പോള്‍  വഴിക്ക് ഇന്റര്‍നെറ്റ് നഷ്ടപ്പെട്ടാലും നെറ്റ് ഓഫ് ചെയ്താലും ജി.പി.എസിന്റെ സഹായത്തോടെ നാവിഗേഷന്‍ സുഗമമായി നടക്കും. പക്ഷേ, ഓണ്‍ലൈന്‍ നാവിഗേഷനില്‍ ലഭ്യമാവുന്ന എല്ലാ സൗകര്യങ്ങളും ഓഫ്‌ലൈനില്‍ ലഭ്യമായിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം